സ്വത്ത് തർക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്നു

Jaihind Webdesk
Tuesday, March 8, 2022

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിന്‍റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും
വെടിവെച്ച് കൊന്നു. മണ്ണാറക്കയം കരിമ്പാനയിൽ രഞ്ജു കുര്യനും മാതൃസഹോദരൻ മാത്യു സ്കറിയയുമാണ് വെടിവെപ്പിൽ മരിച്ചത്. വെടിവെച്ച രഞ്ജുവിന്‍റെ സഹോദരൻ ജോർജ് കുര്യനെ പൊലീസ് പിടികൂടി.

കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവെപ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയാറായില്ല. തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിച്ചു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു സംഭസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒരു മണിയോടെ മാത്യു മരണമടഞ്ഞു.
വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്‍റെയും രഞ്ജുവിന്‍റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.

കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായിയായ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവർക്കുമിടയിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോർജ് വെടിവെക്കാൻ ഉപയോഗിച്ച റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.