മതവിദ്വേഷ പ്രചാരണം: അനില്‍ ആന്‍റണിക്കെതിരെ കേസ്

 

കാസർഗോഡ്: മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തു. കുമ്പളയിലെ വനിതാ സ്വശ്രയ കോളേജിന് മുന്നിലെ സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ വിദ്യാർത്ഥിനികളുടെ ദൃശ്യം വിദ്വേഷണ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പോലീസ് രജിസ്റ്റർ രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്‍റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു.

സ്റ്റോപ്പിൽ സ്ഥിരമായി നിർത്താത്ത സ്വകാര്യ ബസിനെ കുമ്പള സ്വാശ്രയ കോളേജിലെ വിദ്യാർത്ഥിനികള്‍ തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായുണ്ടായ തർക്കത്തെയാണ് വിദ്വേഷകരമായ രീതിയില്‍ വളച്ചൊടിച്ചത്.  ബസിൽ കയറിയ വിദ്യാർത്ഥികളോട് ഒരു യാത്രക്കാരി ക്ഷോഭിച്ചതോടെ ബസ് നിർത്താതെ പോവുന്നതിലുള്ള പ്രയാസം വിദ്യാർത്ഥികൾ ഇവരോട് വിശദീകരിച്ചു. ഇതിനിടെ വിദ്യാർത്ഥികളെ ആരോ അസഭ്യം പറഞ്ഞത് സംഘർഷമുണ്ടാക്കി.

ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് ‘പർദ്ദ ഇടാതെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബസിൽ നിന്ന് ഇറക്കി വിട്ടു’ എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Comments (0)
Add Comment