ഗോത്രവര്‍ഗ്ഗ പദവി (Scheduled Tribe ) അംഗീകാരവും ആദിവാസികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള അവകാശങ്ങളും ആവശ്യപ്പെട്ട് അസമിലെ തായ് -അഹോം സമുദായം ശനിയാഴ്ച സാദിയയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. അസമിലെ ഗോത്രവര്‍ഗ്ഗ അവകാശ പ്രസ്ഥാനത്തിന് പുതിയ ഊര്‍ജ്ജം പകരുന്നതായിരുന്നു ഈ റാലി. തുല്യതയും ഭരണഘടനാപരമായ അംഗീകാരവും ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളും സാദിയയിലെ തെരുവുകളില്‍ മുഴങ്ങി. ‘അഹോമിന് ഗോത്രവര്‍ഗ്ഗ പദവി നല്‍കുക, അത് ഞങ്ങളുടെ അവകാശമാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. 2014-ല്‍ ബിജെപി അധികാരത്തില്‍ എത്താനായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വാഗ്ദാനം നല്‍കിയിരുന്നു. ഇതു പാലിക്കണമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് ഇവര്‍ ആവശ്യപ്പെടുന്നത്.
സെപ്റ്റംബര്‍ 26-ന് ദിബ്രുഗഢില്‍ മാതക് സമുദായത്തിന്റെ നേതൃത്വത്തില്‍ ഏകദേശം 20,000 അംഗങ്ങള്‍ പങ്കെടുത്ത വന്‍ രാത്രികാല റാലിയും നടന്നു. ആസാം മുഖ്യമന്ത്രിയുടെ ചര്‍ച്ചാ ആഹ്വാനം തള്ളിക്കളഞ്ഞ മാതക് സമുദായം പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ഗോത്രവര്‍ഗ്ഗ പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള സമ്പൂര്‍ണ്ണ സ്വയംഭരണം എന്നിവയാണ് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 6-ന് മോറാന്‍ സമുദായം മാര്ഘരിറ്റയില് സമാനമായ വലിയ പ്രതിഷേധം സംഘടിപ്പിച്ച് ടഠ പദവി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ റാലികള്‍ നടന്നത്.
ചരിത്രപരമായ അവഗണന, സ്വത്വനഷ്ടം, ഭരണഘടനാപരമായ സംരക്ഷണമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി, ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമുദായങ്ങളിലെ നേതാക്കള്‍ പ്രതിജ്ഞയെടുത്തു. അംഗീകാരത്തിനും സ്വയംഭരണത്തിനുമുള്ള ഇവരുടെ പോരാട്ടം സര്‍ക്കാരും ഈ തദ്ദേശീയ സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.