മാത്യു സി.ആറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രമുഖര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

Jaihind News Bureau
Monday, September 15, 2025

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി.വി. ന്യൂസ് ഇന്‍ചാര്‍ജുമായിരുന്ന മാത്യു സി.ആറിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ സുഹൃത്ത് സൗഹൃദ കൂട്ടായ്മയും മാധ്യമപ്രവര്‍ത്തകരും സ്മരണാഞ്ജലി അര്‍പ്പിച്ചു. മുന്‍കാല കെ.എസ്.യു. നേതാക്കള്‍ ഉള്‍പ്പെടെ മാത്യുവിന്റെ സൗഹൃദവലയം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു.

അകാലത്തില്‍ പൊലിഞ്ഞ പ്രിയ മാത്യുവിന് സമകാലികരായ പഴയ കെ.എസ്.യു. നേതാക്കളും അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയവും ഒത്തുചേര്‍ന്നാണ് ‘കനല്‍’ എന്ന അനുസ്മരണ ചടങ്ങൊരുക്കിയത്. മാത്യുവിന്റെ ദീപ്തസ്മരണകള്‍ ഉണര്‍ത്തി സംഘടിപ്പിച്ച ഈ പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ കെ.പി.സി.സി. അധ്യക്ഷന്മാരായ കെ. മുരളീധരന്‍, എം.എം. ഹസ്സന്‍, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖരും സുഹൃത്തുക്കളും മാത്യുവിനെ അനുസ്മരിച്ചു.

രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ടി.വി.യുടെ വാര്‍ത്താവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന മാത്യുവിന്റെ ആകസ്മിക വേര്‍പാടില്‍ ജയ്ഹിന്ദ് കുടുംബത്തിന്റെ ദുഃഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.എസ്. ഷിജു ചടങ്ങില്‍ പങ്കുവെച്ചു.

മുന്‍ സ്പീക്കറും സി.പി.എം. നേതാവുമായ എം. വിജയകുമാര്‍, പ്രസ് ക്ലബ് ഭാരവാഹികളായ പി.ആര്‍. പ്രവീണ്‍, രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകരും മാത്യു സി.ആറിനെ അനുസ്മരിച്ചു.