പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിന്‍റെ നാഴികകല്ല്

Wednesday, January 1, 2025


തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികില്‍സയിലായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയായിരുന്നു അദ്ദേഹം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് ഡോ. കെ എസ് മണിലാല്‍. കോഴിക്കോട്ടെയും സൈലന്‍റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്‍റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്. സസ്യവർഗീകരണ ശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി 2003ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ.ജാനകി അമ്മാൾ പുരസ്കാരവും സമ്മാനിച്ചു.
സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തൃശൂരിലെ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍ നടക്കും. ഭാര്യ: ജ്യോത്സ്‌ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതന്‍.