പെഗാസസ് വിവാദം : എന്‍എസ്ഒ ഓഫീസില്‍ ഇസ്രയേല്‍ ഏജന്‍സികളുടെ പരിശോധന

ജറുസലേം : ചാര സോഫ്റ്റ്‌വെയർ പെഗാസസസിന്‍റെ നിർമാതാക്കളായ എന്‍എസ്ഒയുടെ ഓഫീസില്‍ ഇസ്രയേല്‍ ഏജന്‍സികള്‍ പരിശോധന നടത്തി. പെഗാസസ് വഴി ലോകത്തൊട്ടാകെയുള്ള നിരവധി പ്രമുഖരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പരിശോധന നടന്നത്. ടെല്‍ അവീവിലെ ഓഫീസിലാണ് പരിശോധന നടത്തിയത്. അതേസമയം റെയ്ഡല്ലെന്നും സന്ദർശനമാണെന്നും എന്‍എസ്ഒ പ്രതികരിച്ചു.

പെഗാസസ് ദുരുപയോഗം ചെയ്തതിന് തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് എന്‍എസ്ഒ പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നിരിക്കുന്ന പരിശോധനകള്‍ അടുത്തിടെ കമ്പനിക്കെതിരേ ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു. ‘ഇസ്രയേലി പ്രതിരോധ മന്ത്രാലയം ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിച്ചു. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇസ്രയേലി അധികൃതരുമായി ചേര്‍ന്ന് സുതാര്യമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്’ – എന്‍എസ്ഒ അറിയിച്ചു.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജിപിഎസ് ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്‍റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന പ്രതികരണമാണ് കേന്ദ്രസര്‍ക്കാർ നടത്തിയത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‌സ്ആപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരിന് ബന്ധമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുന്നത്.

 

 

Comments (0)
Add Comment