വയനാട്ടിൽ പ്രിയങ്ക തരംഗം; കലാശക്കൊട്ടില്‍ പ്രിയങ്കക്ക് ഒപ്പം രാഹുലും. പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് ആദരവ്: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Monday, November 11, 2024

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ടായിരിക്കെ ബത്തേരിയില്‍ ആവേശമായി യുഡിഎഫ് റോഡ്‌ ഷോ. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കയും ഒരുമിച്ച് റോഡ്‌ ഷോയ്ക്ക് എത്തിയതിനാല്‍ ആഘോഷം ഇരട്ടിയായി. പ്രിയങ്കയെയും രാഹുലിനെയും കാണാന്‍ രാഷ്ട്രീയപാര്‍ട്ടി ഭേദമന്യേ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങള്‍ എന്റെ സഹോദരന് നല്‍കിയ സ്‌നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കും. കര്‍ഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാന്‍ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന പ്രിയങ്കയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ശ്രമം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി, അപ്പച്ചന്‍, കെ.എല്‍ പൗലോസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മാടാക്കര അബ്ദുല്ല, കണ്‍വീനര്‍ ഡി.പി രാജശേഖരന്‍, കെ.ഇ വിനയന്‍, എം.എ അസൈനാര്‍, എടക്കല്‍ മോഹനന്‍ പങ്കെടുത്തു.