ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം; തിരഞ്ഞെടുപ്പ് രംഗം പ്രിയങ്കയ്ക്ക് പുത്തരിയല്ല, വയനാടിന് പ്രിയങ്കരിയായി പ്രിയങ്കയെത്തുന്നു

Jaihind Webdesk
Tuesday, June 18, 2024

 

മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യവും മുഖഛായയുമാണ് പ്രിയങ്കയുടെ ഏറ്റവും വലിയ കരുത്ത്. പിതാവ് രാജീവ് ഗാന്ധിയുടെ നേതൃപാടവം പ്രിയങ്കയ്ക്കുണ്ട്. അമ്മ സോണിയാ ഗാന്ധിയുടെ സൗമ്യതയും പ്രിയങ്കയെ നയിക്കുന്നു. 2019 ല്‍ രാഹുല്‍ ഗാന്ധി ആദ്യമായി വയനാട് മത്സരിക്കാനെത്തുമ്പോള്‍ പ്രിയങ്ക പറഞ്ഞത് മുത്തശ്ശി ഇന്ദിരാ ഗാന്ധി മരിക്കുമ്പോള്‍ എനിക്ക് വയസ് 12. രാഹുലിന് 14. ഞാന്‍ രാഹുലിനെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്. ഇപ്പോഴിതാ പ്രിയങ്ക തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുന്നത് കോണ്‍ഗ്രസിന് കുടുതല്‍ കരുത്താവുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും തിരഞ്ഞെടുപ്പ് രംഗം പ്രിയങ്കയെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല.

2004 ല്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാ ഗാന്ധിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പ്രിയങ്കാ ഗാന്ധിയായിരുന്നു. തിരഞ്ഞെടുപ്പ് മേഖലയിലെ പ്രിയങ്കയുടെ തുടക്കവും ആ അവസരത്തിലായിരുന്നു. അമേഠിയിയിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രിയങ്ക സജീവമായിരുന്നു. 2007 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രിയങ്ക നേതൃത്വം നല്‍കി. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചുമതലയും പ്രിയങ്ക ഏറ്റെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറിയായി.

2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിലും പ്രിയങ്ക സജീവമായിരുന്നു. 2024 ലും വയനാട്ടില്‍ പ്രചാരണത്തിന് പ്രിയങ്കയെത്തി. ഉത്തര്‍പ്രദേശിന്‍റെ പൂര്‍ണ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതോടു കൂടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ നിരവധി പോരാട്ടങ്ങള്‍ക്കാണ് പ്രിയങ്ക നേതൃത്വം നല്‍കിയത്. പല തവണ പോലീസ് കസ്റ്റഡിയിലുമായി. മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളിലും വിലകയറ്റത്തിനുമെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളുടെ മുന്‍ നിരയിലും പ്രിയങ്ക ഉണ്ടായിരുന്നു. രാജ്യത്തെ നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവല്ല വിശ്വാസ്യതയും സ്‌നേഹവുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക നല്‍കിയ മറുപടി തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ ചര്‍ച്ചാ വിശയമായിരുന്നു. വയനാട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കാനെത്തുന്നത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ കരുത്താണ് നല്‍കുന്നത്. 1972 ഡല്‍ഹിയിലായിരുന്നു പ്രിയങ്കയുടെ ജനനം. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. മിരായ്യ, റൈഹാൻ എന്നിവരാണ് മക്കള്‍.