പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ; നാല് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും; വീര സൈനികൻ വസന്തകുമാറിന്‍റെ വസതി സന്ദർശിക്കും

Jaihind Webdesk
Saturday, April 20, 2019

യു ഡി എഫ് പ്രവർത്തകരെ ആവേശ കൊടുമുടിയേറ്റാൻ പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തുന്നു. നാല് പൊതു പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്‍റെ വീടും സന്ദർശിക്കും.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തുന്നത്. ഇതിനു മുമ്പ് പത്രികാ സമർപ്പണത്തിനായി രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക കേരളത്തിൽ എത്തിയിരുന്നു. അന്നും ആവേശേജ്വലമായ സ്വീകരണമാണ് പ്രവർത്തകർ പ്രിയങ്കയ്ക്ക് നൽകിയത്. രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30 ന് മാനന്തവാടിയിൽ പൊതു യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 12.15ന് വാഴക്കണ്ടി കുറുമകോളനിയിൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുത്തശേഷം മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളിൽ പങ്കെടുക്കും.