നഥാൻ ജോയ്സിന് രാഹുലിന്‍റെ സമ്മാനവുമായി പ്രിയങ്ക; മനം നിറഞ്ഞ് നഥാനും കുടുംബവും

Jaihind Webdesk
Saturday, April 20, 2019

കണ്ണുർ തളിപ്പറമ്പിലെ നഥാൻ ജോയ്സിന്‍റെ കരച്ചിലിന് ഫലംകണ്ടു. രാഹുൽ ഗാന്ധിയുടെ സമ്മാനവുമായി പ്രിയങ്കാ ഗാന്ധി കണ്ണൂരിലെത്തി നഥാനും കുടുംബവുമായി കൂടിക്കാഴ്ച നടത്തി. നഥാന് രാഹുൽ ഗാന്ധിയുടെ സമ്മാനവും നൽകിയാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

തളിപ്പറമ്പ് സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം രണ്ടാം ക്ലാസ് വിദ്യാർത്ഥി നഥാൻ ജോയ്സിന് സ്വപ്നസാഫല്യം ആണ് ലഭിച്ചത്. രാഹുൽഗാന്ധിയെ നേരിട്ട് കാണണമെന്ന ആഗ്രഹം സാധിച്ചില്ലെങ്കിലും നാഥാൻ ജോയ്സിനെ തേടി രാഹുൽഗാന്ധിയുടെ സമ്മാനവുമായി പ്രിയങ്ക ഗാന്ധി എത്തി.

പരിയാരം കാരാക്കുണ്ടിലെ  സന്തോഷ് കാവിലിന്‍റെയും സ്മിതയുടെയും മകനായ നഥാൻ ജോയ്സിന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒരു വികാരമാണ്. ഏപ്രിൽ 17ന് കണ്ണുരിലെത്തിയ രാഹുൽ ഗാന്ധിയെ കാണുവാൻ നഥാനും അച്ഛനും എത്തിയിരുന്നു. എസ്.പി.ജിയുടെ കനത്ത സുരക്ഷയിൽ രാഹുൽഗാന്ധിയെ കാണാൻ വന്നവർ ഉൾപ്പെടെയുള്ളവരുടെ തിരക്കിൽ ഗേറ്റിൽ കാത്ത് നിന്നപ്പോഴാണ് പ്രവേശന പാസ് വേണമെന്ന കാര്യങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കുന്നത്. ഒടുവിൽ രാഹുൽഗാന്ധിയെ കാണാതെ തിരിച്ചു പോകേണ്ടി വന്നപ്പോൾ നഥാൻ കാറിൽ നിന്നും കരഞ്ഞു നിലവിളിച്ചു ആകെ വിഷമിച്ച അവസ്ഥയാണ് അന്ന് ഉണ്ടായത്. ഇതിനെ തുടർന്ന് ഈ സംഭവം നഥാന്‍റെ രക്ഷിതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെ നഥാന്‍റെ സങ്കടം രാഹുൽ ഗാന്ധിയുടെ ഓഫിസിലും അറിഞ്ഞു. നഥാനുമായി തുടർന്ന് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.

വയനാടിൽ പ്രചരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ കണ്ണൂർ എയർപോർട്ടിൽ വെച്ച് നഥാൻ ജോയ്സിനെ പ്രിയങ്ക ഗാന്ധിക്ക് നേരിട്ട് കാണാൻ താല്പര്യമുണ്ടെന്ന കാര്യം രാഹുൽ ഗാന്ധിയുടെ ഓഫീസ് കണ്ണുർ ഡിസിസി പ്രസിഡന്‍റിനെ അറിയിച്ചു. നഥാനെ കൂട്ടി പ്രിയങ്കാ ഗാന്ധിയെ സന്ദർശിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സതീശൻ പാച്ചേനിയെ രാഹുൽഗാന്ധിയുടെ പി.എ  ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധിയെ കാണാൻ നഥാനും സഹോദരനും മാതാപിതാക്കളും കണ്ണുർ വിമാനത്താവളത്തിൽ എത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുളള നേതാക്കൾക്ക് ഒപ്പം പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ നാഥാനും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ എത്തിയ പ്രിയങ്ക നഥാന് രാഹുൽ ഗാന്ധിയുടെ ഓട്ടോഗ്രാഫോടു കൂടിയ ഫോട്ടൊ സമ്മാനമായി നൽകി.

പ്രിയങ്ക ഗാന്ധി നഥാനുമൊത്ത് ഫോട്ടൊ എടുത്താണ് മടങ്ങിയത്. പ്രിയങ്ക ഗാന്ധിയെ കണ്ടതിന്‍റെ സന്തോഷം നഥാൻ ജയ്ഹിന്ദ് ന്യൂസിനോട് പങ്കുവെച്ചു. നഥാനും സഹോദരനും സന്തോഷത്തോടെയാണ് കണ്ണൂരിൽ നിന്ന് മടങ്ങിയത്.