രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ വിജയിക്കും; രാജ്യസഭ അംഗമായിരുന്ന സംസ്ഥാനവുമായി വി. മുരളീധരന് എന്ത് ബന്ധം: വി.ഡി. സതീശന്‍

Jaihind Webdesk
Tuesday, June 18, 2024

 

ചാലക്കുടി: രാഷ്ട്രീയമായ കാരണങ്ങളാലാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് പ്രിതപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങള്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. യുപിയില്‍ വലിയൊരു തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് വയനാട്ടിലെ ജനങ്ങളെ നിരാശരാക്കാതെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വയനാട്ടിലെ വോട്ടര്‍മാര്‍ പ്രിയങ്കാ ഗാന്ധിയെ വിജയിപ്പിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ ആദ്യമായിട്ടല്ല രാഷ്ട്രീയ നേതാക്കള്‍ രണ്ടു സ്ഥലത്ത് മത്സരിക്കുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. മോദി ഉള്‍പ്പെടെയുള്ളവര്‍ രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത്സരിക്കാതെ ദക്ഷിണേന്ത്യയില്‍ മാത്രം മത്സരിക്കുന്നു എന്നതായിരുന്നു ബിജെപി ആദ്യം ഉന്നയിച്ചിരുന്ന പരാതി. അങ്ങനെയുള്ളവരാണ് രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ തുടരുന്നതിനെ പരിഹസിക്കുന്നത്. ഹിന്ദിഹൃദയ ഭൂമിയില്‍ നിന്നും മോദി വിജയിച്ചതിനേക്കാള്‍ ഇരട്ടി വോട്ടിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.

വയനാടുമായി പ്രിയങ്കാ ഗാന്ധിക്ക് എന്ത് ബന്ധമെന്നാണ് വി. മുരളീധരന്‍ ചോദിച്ചത്. ഇന്ത്യയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേരുന്ന ബന്ധമാണ് നെഹ്‌റു കുടുംബത്തിനുള്ളത്. വി. മുരളീധരന്‍ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭ അംഗമായി കേന്ദ്ര മന്ത്രിയായതെന്ന് അദ്ദേഹം ചോദിച്ചു. ആ സംസ്ഥാനവുമായി എന്തൊരു ബന്ധമായിരുന്നു? കേരളത്തില്‍ നിന്നും ജയിച്ചിട്ടല്ലല്ലോ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായത്. വി. മുരളീധരന് ആ സംസ്ഥാനത്തോടുള്ളതിനേക്കാള്‍ ഹൃദയബന്ധം പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിനോടുണ്ട്. ഒരു വിരല്‍ മറ്റുള്ളവര്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകളെല്ലാം സ്വന്തം നെഞ്ചത്തോട്ടാണ് ചൂണ്ടുന്നതെന്ന് ഓര്‍ക്കണമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.