നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും; ഒപ്പം രാഹുല്‍ ഗാന്ധിയും, ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

Jaihind Webdesk
Saturday, November 30, 2024

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും.  പ്രിയങ്കയുടെയും രാഹുലിന്‍റേയും വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്‍റെ ഭാഗമായ മുക്കത്താണ്.

പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. കരുളായിലും വണ്ടൂരിലും റോഡ് ഷോ ഉണ്ടായിരിക്കും. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയ്ക്ക് മടങ്ങും.

വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്‍റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.