കർഷകരോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രിയങ്കാ ഗാന്ധി; 30 മണിക്കൂർ കസ്റ്റഡിക്കൊടുവില്‍ അറസ്റ്റ്

 

ലഖ്‌നൗ : രാജ്യത്തെ കർഷകരോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവിൽ എത്തിയ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ലഖിംപുര്‍ ഖേരി സന്ദർശിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. പ്രിയങ്കാ ഗാന്ധിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്ത് എത്തി. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് യുപി പൊലീസ് രേഖപ്പെടുത്തി. അതിനിടെ ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഢ് മുഖ്യമന്ത്രി   ഭൂപേഷ് ബാഗലിനെ ലഖ്നൗ വിമാനത്താവളത്തില്‍ തടഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ലഖിംപുരിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.

ലഖിംപുരിൽ കർഷരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി പ്രിയങ്കാഗാന്ധി രംഗത്ത് എത്തിയത്. ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ കർഷകർക്ക് മുകളിലൂടെ എസ്.യു.വി വാഹനം ഇടിച്ചു കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പ്രാധാനമന്ത്രി കാണുന്നില്ലേ എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. മോദി സർ, ഒരു ഉത്തരവും എഫ്ഐആറും ഇല്ലാതെ നിങ്ങളുടെ സർക്കാർ എന്നെ കസ്റ്റഡിയിൽ വെച്ചു. എന്നാൽ അന്നദാതാവിനെ ഇടിച്ചു തെറിപ്പിക്കുന്ന ഈ വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത് എന്തുകൊണ്ടാണ്? വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി ചോദിച്ചു. മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് വാഹനം ഇടിക്കുന്നതിന്‍റെ വീഡിയോ മുഴുവനായി പ്ലേ ചെയ്ത പ്രിയങ്ക എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി അജയ്മിശ്രയെ ഇതുവരെ നീക്കം ചെയ്യാത്തത് എന്നും പ്രധാനമന്ത്രിയോട് ചോദിച്ചു.

പ്രിയങ്കാ ഗാന്ധിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്ത് എത്തി. ഒന്നിനെയും ഭയക്കാത്ത യഥാർത്ഥ കോൺഗ്രസുകാരിയാണ് പ്രിയങ്കയെന്നും പ്രിയങ്ക സത്യഗ്രഹം അവസാനിപ്പിക്കില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് യുപി പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറിന് ശേഷമാണ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ലഖിംപുരില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ഇന്‍റർനെറ്റ് സേവനങ്ങൾ അടക്കം ഇവിടെ വിഛേദിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാകാതെ ലഖിംപുരിലേക്ക് നേതാക്കളെ ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് യുപി പൊലീസ്.
പ്രിയങ്കാ ഗാന്ധിയെ തടങ്കലിൽ പാർപ്പിച്ച സീതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ പല തവണ ഏറ്റുമുട്ടി.

Comments (0)
Add Comment