ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ; ഒരുക്കങ്ങൾ പൂർത്തിയായി

Jaihind Webdesk
Friday, April 19, 2024

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നത്.  രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡല്‍ഹിയിൽ നിന്നും കൊച്ചിയില്‍ എത്തിച്ചേരും.  12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും.

തുടർന്ന് 12.15ന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് എരിയാട് നിന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലേക്ക് തിരിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം 3.40ന് അതേ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.

വൈകുന്നേരം 3.30 മുതൽ 4.50 വരെ തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷം രാത്രി 8.45ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.