പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായതോടെ ഓണ്‍ലൈനിലും ന്യൂസ് റൂമുകളിലും ട്രെന്റിങ് പ്രിയങ്ക ഗാന്ധിയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യ ഏറ്റവും കൂടുതല്‍ തെരഞ്ഞത് പ്രിയങ്ക ഗാന്ധിയെകുറിച്ചുള്ള വാര്‍ത്തകളാണ്.
ഇതിനൊപ്പമാണ് 2012ല്‍ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗം വൈറലാകുന്നത്. കനത്ത സുരക്ഷയുടെയും നിയമങ്ങളുടെയും അകമ്പടിയോടെമാത്രം ഇടപെടുന്ന ദേശീയ നേതാക്കള്‍ക്ക് ഒരു അപവാദമായിട്ടാണ് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ ജനങ്ങളോട് ഇടപെടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയും പ്രോംപ്റ്ററിന്റെ സഹായത്തോടെ മുന്‍കൂട്ടി എഴുതിയ പ്രസംഗവും മാത്രം വായിക്കുന്ന പ്രധാനമന്ത്രിയുള്ള നാട്ടിലാണ് പ്രിയങ്കയുടെ ജനങ്ങളിലേക്കുള്ള ഇടപെടലുകള്‍. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉടനെയുള്ള മറുപടിയും സ്‌നേഹസംഭാഷണങ്ങളുമായി രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും വികസനത്തിന്റെയും ജനങ്ങളുടെ അധികാരത്തെക്കുറിച്ചും പറയുകയാണ് പ്രിയങ്കഗാന്ധി. വീഡിയോ കാണാം:
https://youtu.be/A-fwU9_81lQ
ഗൂഗിളിന് പുറമെ സോഷ്യല്‍ മീഡിയയിലും പ്രിയങ്കാ എഫക്ടാണെന്നാണ് റിപ്പോര്‍ട്ട്, ഫേസ്ബുക്ക്,ട്വിറ്റര്‍ പ്ലാറ്റ്ഫോമുകളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ വന്ന രാഷ്ട്രീയ പോസ്റ്റുകളില്‍ അധികവും പ്രിയങ്കയെ കുറിച്ചാണ്. പ്രിയങ്കയ്ക്ക് ഔദ്യോഗികമായി അക്കൗണ്ടുള്ളത് ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ്. രാഷ്ട്രീയ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിനിടെ പതിനായിരക്കണക്കിന് ആളുകളാണ് ഇന്‍സ്റ്റയില്‍ പിന്തുടരാന്‍ എത്തിയത്.
ഗൂഗിളില്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ത്യക്കാര്‍ തെരഞ്ഞിട്ടുണ്ടെങ്കിലും കൂടുതലാളുകളും അറിയാന്‍ ആഗ്രഹിച്ചത് കോണ്‍ഗ്രസ് യുവ നേതാവിന്റെ വേഷവിധാനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്നാണ് സാമൂഹ്യ ജീവികള്‍ പ്രിയങ്കയ്ക്കിട്ട പേര്. എതിര്‍ രാഷ്ട്രീയക്കാരും പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് സോഷ്യല്‍ മീഡിയ വര്‍ത്തമാനം.