‘എല്ലാ ദിവസവും മോദിയും വന്‍കിട വ്യവസായികളും തമ്മിലുള്ള അവിശുദ്ധ ബന്ധം രാഹുല്‍ തുറന്നുകാട്ടുന്നുണ്ട്’: തിരിച്ചടിച്ച് പ്രിയങ്ക

Jaihind Webdesk
Wednesday, May 8, 2024

 

റായ്ബറേലി: രാഹുല്‍ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അംബാനി-അദാനി’ പരാമര്‍ശത്തില്‍ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധി എല്ലാ ദിവസവും അദാനിയെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അദാനിയെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയും വന്‍കിട വ്യവസായികളും തമ്മിലുള്ള അവിശുദ്ധ ബന്ധം അദ്ദേഹം ദിവസവും പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

അദാനിയെയും അംബാനിയെയും ആക്രമിക്കുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. തെലങ്കാനയിലെ കരിംനഗറില്‍ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയത്. മോദി കോടീശ്വരന്മാരായ സുഹൃത്തുക്കളെ മാത്രമാണ് പരിഗണിക്കുന്നതെന്നും സാധാരണക്കാരുടെ ദുരിതം കാണാന്‍ തയാറാകുന്നില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും കാണാത്ത മോദി തന്‍റെ കോടീശ്വരന്‍മാരായ സുഹൃത്തുക്കളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. എന്നാല്‍ പാവപ്പെട്ട കര്‍ഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളാന്‍ മോദി തയാറാകുന്നില്ല. ഇതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.