രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തിരുനെല്ലിയില്‍ എത്തി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, November 10, 2024


വയനാട്: രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തിരുനെല്ലിയില്‍ എത്തി വയനാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. പുരാതനമായ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛനലിഞ്ഞ മണ്ണില്‍ ഓര്‍മകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിന്റെ പടികള്‍ കയറിയത്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്.

പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ.എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, മാനേജര്‍ പി.കെ പ്രേമചന്ദ്രന്‍, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവര്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.

2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയില്‍ ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.