ന്യൂഡല്‍ഹി: എ.ഐ.സി.സി ആസ്ഥാനത്ത് പ്രിയങ്കാഗാന്ധിക്കായി ഓഫീസ് തയ്യാറായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് സമീപത്താണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച്ച രാഹുല്‍ഗാന്ധി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പ്രിയങ്കാഗാന്ധിയും പങ്കെടുക്കും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച്ചത്തെ യോഗശേഷം ഉടനെ തന്നെ ചുമതല ഏറ്റെടുക്കും. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രിയങ്കഗാന്ധി ചുമതലയേറ്റെടുക്കുന്നതോടെ യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തില്‍ 13 റാലികളാണ് സംസ്ഥാനത്ത് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യം കൂടിയായതോടെ റാലികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍