കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ ഉത്തര്‍പ്രദേശില്‍ 1000 ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനുള്ള അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കി. 1000 ബസുകളുടേയും ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് യോഗി ആദിത്യനാഥിനയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഖാസിപൂരില്‍ നിന്നും നോയിഡ അതിര്‍ത്തിയില്‍ നിന്നും 500 ബസുകള്‍ വീതം ഓടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നാടുകളിലേയ്ക്കുള്ള യാത്രയ്ക്കിടെ റോഡ് അപകടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും ഇവര്‍ക്കാവശ്യമായ യാത്രാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിഷയത്തില്‍ ഇടപെടുന്നത്. രാജ്യം കെട്ടിപ്പടുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരെ ദുരിതകാലത്ത് കൈയ്യെഴിയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.