പ്രിയങ്ക ഗാന്ധി എം.പിയുടെ വയനാട് മണ്ഡല പര്യടനം ; ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind News Bureau
Friday, March 28, 2025

വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്. ഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലാണ് പ്രിയങ്കാ ഗാന്ധി ഇന്ന് പര്യടനം നടത്തുന്നത്. വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ജീവിതം തിരിച്ചുപിടിക്കാനുള്ള ദുരന്തബാധിതരുടെ പ്രയത്‌നത്തില്‍ ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക അറിയിച്ചു.

മൂന്ന് ദിവസത്തെ മണ്ഡല പരിപാടികള്‍ക്കാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രിയങ്ക ഗാന്ധി റോഡ് മാര്‍ഗമാണ് വയനാട്ടിലേക്ക് പോയത്. ഇന്ന് രാവിലെ 9:30 ഓട് കൂടി തന്നെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനുള്ള പര്യടനം ആരംഭിച്ച് കഴിഞ്ഞു. ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങള്‍ക്കായി എം.പി നടത്തുന്ന സേവനങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. അതിനാല്‍ തന്നെ മികച്ച സ്വീകരണമാണ് എം.പിക്ക് വയനാട്ടില്‍ ലഭിക്കുന്നത്. ഇന്നലെ നടന്ന മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിക്കണമെന്നും ദുരന്തബാധിതര്‍ക്ക് ഒപ്പമുണ്ടാകുമെന്നും എം.പി ചടങ്ങില്‍ പറഞ്ഞിരുന്നു.