ഈ മാസം 3,4,5 തീയതികളിൽ പ്രിയങ്ക ഗാന്ധി എം.പി. വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. മൂന്നാം തീയതി വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി എം.പി., നാലിന് വൈകിട്ട് വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ മൊബൈൽ ഡിസ്പെൻസറി വാഹനത്തിന്റെ താക്കോലും പ്രിയങ്ക ഗാന്ധി എം.പി. കൈമാറും. ചടങ്ങിൽ വച്ച് രാഹുൽ ഗാന്ധി എം. പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എം.പി. നടത്തും.
അഞ്ചിന് പുതുതായി സ്ഥാപിച്ച കല്പറ്റയിലെ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി എം.പി. ഉച്ചയ്ക്ക് ശേഷം വണ്ടൂരിൽ സതേൺ റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സംബന്ധിക്കും. പിന്നീട് കോഴിക്കോട് അതിരൂപത മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം ഡൽഹിക്ക് തിരിക്കും.