കല്‍പറ്റ: ഈ മാസം എട്ട് മുതല്‍ പത്തു വരെ പ്രിയങ്ക ഗാന്ധി എം.പി. വയനാട്ടില്‍ എത്തും. പ്രിയങ്കയുടെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച യു.ഡി.എഫ്. ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുമെന്ന് യു. ഡി. എഫ്. വയനാട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. എട്ടാം തീയതി രാവിലെ ഒന്‍പതര മണിക്ക് മാനന്തവാടിയില്‍ നാലാം മൈല്‍ എ. എച്ച്. ഓഡിറ്റോറിയത്തിലും , പന്ത്രണ്ടു മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും, രണ്ടു മണിക്ക് കല്പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങള്‍. ജില്ലയിലെ മുഴുവന്‍ നിര്‍ദ്ദിഷ്ട നേതാക്കളും അതാത് നിയോജകമണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.