
രണ്ട് ദിവസത്തെ പാര്‍ലമെന്റ് മണ്ഡല സന്ദര്‍ശനത്തിനായി പ്രിയങ്ക ഗാന്ധി എംപി കേരളത്തിലെത്തി. ഇന്നും നാളെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി നിര്‍വഹിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിലെ വികസനപദ്ധതികളുടെ ഉദ്ഘാടനമാണ് പ്രിയങ്ക ഗാന്ധി നിര്‍വഹിക്കുന്നത്. തുടര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. കേരളത്തിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും എസ്ഐആര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രിയങ്കാഗാന്ധി എംപിയെ കെ.പി.സി.സി. വര്‍ക്കിങ്ങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ., പി.കെ. ബഷീര്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ്മാരായ കെ. പ്രവീണ്‍ കുമാര്‍, വിഎസ് ജോയ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. നൗഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.