സോന്‍ഭദ്ര: പ്രിയങ്കഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുട്ടുമുടക്കി. സോന്‍ഭദ്ര വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. ചുനാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 24 മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കാണാന്‍ കഴിഞ്ഞത്. പ്രിയങ്ക ഗാന്ധിയുടെ യാത്രമുടക്കാന്‍ യു.പി സര്‍ക്കാരും ജില്ല ഭരണകൂടവും നിരവധി ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ കൈക്കൊണ്ടിരുന്നു. പ്രിയങ്ക തങ്ങിയ ഗസ്റ്റ് ഹൗസിന്റെ വൈദ്യുതി വിച്ഛേദിക്കുകയും പോലീസുകാരെ വിന്യസിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൊന്നും പിന്മാറാന് പ്രിയങ്ക ഗാന്ധി തയ്യാറാകാതെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. നിരാഹാര സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഴങ്ങിയത്.
ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് പൊലീസ് പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത്. നിരോധനാജ്ഞ ലംഘിച്ചെന്നു ആരോപിച്ചായിരുന്നു ഇത്. ധര്‍ണ ഇരുന്ന ചുനാര്‍ ഗസ്റ്റ് ഹൗസിലെ വൈദ്യുതി രാത്രിയില്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പ്രിയങ്കയെയും അനുയായികളെയും ഒഴിവാക്കാന്‍ അധികൃതര്‍ മനഃപ്പൂര്‍വം വൈദ്യുതി വിച്ഛേദിച്ചതാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം പ്രിയങ്കയുടെ ധര്‍ണക്ക് പിന്തുണയേറുകയാണ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നും രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചു കൊന്നത് . 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക സോന്‍ഭദ്രക്ക് തിരിച്ചത്.