പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും, തൊഴിൽ രഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ; ഹിമാചലില്‍ കോണ്‍ഗ്രസ് റാലി നയിച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Sunday, November 6, 2022

 

കാന്‍​ഗ്ര: ഹിമാചൽ പ്രദേശിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തൊഴിൽ രഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ഓണറേറിയം നൽകും. കാന്‍ഗ്രയില്‍ കോൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു  പ്രിയങ്കാ ​ഗാന്ധി.

ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും. ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഇത് തെളിയിച്ചുകഴിഞ്ഞു. അഗ്നിപഥ് പദ്ധതി   ഹിമാചലിലെ രക്തസാക്ഷികളെ അപമാനിക്കുന്നതാണെന്ന് പ്രിയങ്ക പറഞ്ഞു. അഗ്നിപഥ് പദ്ധതി കാംഗ്ര യുവാക്കളുടെ തൊഴില്‍ സാധ്യതകളെ ബാധിച്ചു. ഓരോ വർഷവും ഹിമാചലിൽ നിന്ന് ഏകദേശം 4,000 യുവാക്കൾ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ പ്രതിവർഷം 400 യുവാക്കളെ മാത്രമേ റിക്രൂട്ട് ചെയ്യുകയുള്ളൂ. അവരിൽ 75 ശതമാനം പേർക്കും നാല് വർഷത്തെ സേവനത്തിന് ശേഷം ജോലി നഷ്ടപ്പെടും. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ അഗ്‌നിപഥ് പദ്ധതി നിർത്തലാക്കുമെന്നും കരസേനയിലെ റിക്രൂട്ട്‌മെന്‍റിന്റെ പഴയ മാതൃക പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ ശക്തമായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വന്‍ വരവല്‍പ്പാണ് റാലികളില്‍ പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം കാന്‍ഗ്രയിൽ നടത്തിയ റാലിയിൽ പ്രിയങ്ക പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം വോട്ടർമാരെ സ്വാധീനിക്കുമെന്ന് സ്ഥാനാർത്ഥി ആർ.എസ് ബാലിയും പറഞ്ഞു.