വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്രം ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതെന്ത് ? രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Wednesday, April 21, 2021

 

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിരോധ വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്രം ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതെന്തെന്ന്  ചോദിച്ചു.

‘കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകള്‍ കേന്ദ്രം സര്‍ക്കാര്‍ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ കേന്ദ്രം ആറു കോടി വാക്‌സിനുകള്‍ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതല്‍ നാലു കോടി വരെ ഇന്ത്യക്കാര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തത്’- പ്രിയങ്ക ഗാന്ധി ചോദിച്ചു.

പ്രധാനമന്ത്രി ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടതുണ്ട്. ചിരിയും തമാശകളും പറയുന്ന റാലിയുടെ വേദിയില്‍ നിന്ന് പ്രധാനമന്ത്രി ഇറങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രി ഇവിടെ വരണം, ആളുകള്‍ക്ക് മുന്നില്‍ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം. എങ്ങനെ ജീവന്‍ രക്ഷിക്കാന്‍ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.