തീരദേശത്ത് ആവേശത്തിരയായി പ്രിയങ്ക; ശശി തരൂരിനായി റോഡ് ഷോ, ജനസാഗരം

Jaihind Webdesk
Saturday, April 20, 2024

 

തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ മേഖലയിൽ ആവേശത്തിരയിളക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കാൻ വേണ്ടി സമയം കണ്ടെത്തുന്ന പിണറായി വിജയന് മോദിയെ വിമർശിക്കാൻ ഭയമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത്, മാസപ്പടി ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനാലാണ് മോദിയെ വിമർശിക്കാൻ പിണറായി ഭയക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു

തീരദേശ മേഖലയിൽ ആവേശത്തിരയിളക്കിയാണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ മുന്നേറിയത്. വലിയതുറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ പ്രിയങ്കാ ഗാന്ധി ക്കൊപ്പം അണിചേർന്നു. ശശി തരൂർ എംപിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ യുഡിഎഫ് പ്രവർത്തകരെ ആവേശ ലഹരിയിലാക്കി.
റോഡ് ഷോ കടന്നുപോയ വഴിയിലുടനീളം ആയിരങ്ങളാണ് പ്രിയങ്കാ ഗാന്ധിയെ വരവേൽക്കാൻ ഒത്തുകൂടിയത്. ജനസഹസ്രങ്ങൾ ആവേശകരമായ വരവേൽപ്പേകിയതോടെ പലപ്പോഴും ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്ന് സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉൾപ്പെടെ സമ്മാനിച്ച് കുട്ടികൾ ഉൾപ്പടെയുള്ളവർ പ്രിയങ്കയെ വരവേറ്റു.

വലിയതുറയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ബീമാപ്പള്ളി വഴി പൂന്തറയിൽ സമാപിച്ചു. തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രിയങ്ക മുഖ്യമന്ത്രി പിണറായി വിജയനെയും നരേന്ദ്രമോദി സർക്കാരിന്‍റെ നയങ്ങളെയും തുറന്നു വിമർശിച്ചു.
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കാൻ വേണ്ടി സമയം കണ്ടെത്തുന്ന പിണറായി വിജയന് മോദിയെ വിമർശിക്കാൻ ഭയമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത്, മാസപ്പടി ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനാലാണ് മോദിയെ വിമർശിക്കാൻ പിണറായി വിജയന്‍ പേടിക്കുന്നതെന്ന്
പ്രിയങ്ക കുറ്റപ്പെടുത്തി. ഇഡി, സിബിഐ പോലുള്ള ഒരു അന്വേഷണ ഏജൻസിയും പിണറായി വിജയനെ മാത്രം തേടിയെത്തുന്നില്ലന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

അതിദരിദ്രരായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ, മുപ്പത് ലക്ഷം തെഴിലവസരങ്ങൾ തുടങ്ങി കോൺഗ്രസ് മുന്നോട്ടുവെച്ച ന്യായ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രിയങ്ക ആവർത്തിച്ചു വ്യക്തമാക്കി. ബിജെപി സർക്കാർ നൽകാത്ത തൊഴിലും ജീവിത സുരക്ഷയും തങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രിയങ്ക പറഞ്ഞു.