‘യോഗി സമസ്ത മേഖലയിലും പരാജയം, തെറ്റുകള്‍ മറയ്ക്കാന്‍ കേരളത്തെ കുറ്റപ്പെടുത്തുന്നു ‘: പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Wednesday, February 23, 2022

ലഖ്നൗ:  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ  രൂക്ഷ വിമര്‍ശനവുമായി  പ്രിയങ്ക ഗാന്ധി . കേരളത്തെ അധിക്ഷേപിച്ച് സ്വന്തം പരാജയം മറയ്ക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെ ഒന്നായാണ് കാണേണ്ടത്. സമസ്ത മേഖലയിലും പരാജയമായതോടെ യോഗി മതത്തെ ഉപയോഗിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. സ്വന്തം പരാജയം മറയ്ക്കാനാണ് യോഗി കേരളത്തെ കുറ്റപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിലടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചു.

യുപിയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലഖിംപൂര്‍, ഉന്നാവോ കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ അധികാരത്തില്‍ ഇരിക്കുന്നവരോ അധികാരവുമായി ബന്ധപ്പെട്ടവരോ ആണ്. ഇരയെ സംരക്ഷിക്കുന്നതിനെക്കാള്‍ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് അടക്കം ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്ക് ഇരയായ ശേഷവും സ്ത്രീകള്‍ അപമാനിക്കപ്പെടുകയാണ്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.