യുപി പൊലീസ് അറസ്റ്റ് ചെയ്ത് പാർപ്പിച്ച വൃത്തിയില്ലാത്ത മുറി ശുചീകരിച്ച് പ്രിയങ്ക

Jaihind Webdesk
Monday, October 4, 2021

സീതാപുർ : ഉത്തർപ്രദേശിലെ ലഖിംപുരിൽ കാറിടിച്ചു മരിച്ച കർഷകരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ഉത്തർപ്രദേശ് പൊലീസ് താമസിപ്പിച്ചത് വൃത്തിയില്ലാത്ത മുറിയില്‍. സീതാപൂർ ഗസ്റ്റ് ഹൗസിലെ നാശമായിക്കിടന്ന മുറിയാണ് പ്രിയങ്കയക്ക് അനുവദിച്ചത്. എന്നാല്‍ ഗസ്റ്റ് ഹൗസിലെ മുറി സ്വയം വൃത്തിയാക്കുകയാണ് പ്രിയങ്ക ചെയ്തത്.

അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ഞായറാഴ്ച പുലർച്ചെ ലഖിംപുർ ഖേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്നൗവില്‍ വച്ച് യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായാണ് പ്രിയങ്കയും സംഘവും ലഖിംപുർ ഖേരിയിലേക്ക് യാത്ര തിരിച്ചത്. ഇത് കർഷകരുടെ രാജ്യമെന്നും കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു.