മാനന്തവാടിയുടെ മനസ് കീഴടക്കി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Saturday, April 20, 2019

മാനന്തവാടിയുടെ മനസിൽ വൈകാരിക സ്ഥാനമുറപ്പിച്ച് പ്രിയങ്ക ഗാന്ധി ആയിരങ്ങളെ കയ്യിലെടുത്തു. നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ ഇച്ഛാ ശക്തിയുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക വ്യക്തമാക്കി. ആദിവാസികൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ തൊഴിലും ഉപജീവന മാർഗങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അവർ മാനന്തവാടിയിൽ പ്രഖ്യാപിച്ചു. സഹോദരൻ രാഹുൽ ഗാന്ധിയുടെ അധികമാരും അറിയാത്ത വ്യക്തി സവിശേഷതകളും പ്രിയങ്ക എടുത്ത് പറഞ്ഞു.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക കഴിഞ്ഞ അ‍ഞ്ചു വർഷവും വിഭജിക്കൽ മാത്രമാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി. ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അത് ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും സാധാരണ ജനങ്ങളുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ലെന്ന് ബിജെപി തെളിയിച്ചുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. കർഷകർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനം കോൺഗ്രസ് നിറവേറ്റും. കർഷകരെ മോദി സർക്കാർ വഞ്ചിച്ചു. മോദി സർക്കാർ നിലകൊള്ളുന്നത് രാജ്യത്തെ ചില വ്യക്തികൾക്കുവേണ്ടിയാണെന്നും മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രിയങ്ക പറഞ്ഞു.