പ്രിയങ്കയ്ക്ക് കാര്‍ നിര്‍ത്തിച്ച് സമ്മാനം നല്‍കി… അരീക്കോട്ട് ഇപ്പോള്‍ ഫര്‍ഹാന്‍ ആണ് താരം

Jaihind Webdesk
Sunday, April 21, 2019

കൊച്ചു ചിത്രകാരന്‍ ഫര്‍ഹാന്‍ ആണ് ഇപ്പോള്‍ അരീക്കോട്ടെ താരം. എന്നാല്‍ ചിത്രകാരനാകട്ടെ താന്‍ വരച്ച പ്രിയങ്കാഗാന്ധിയുടെ ചിത്രം നേരിട്ട് സമ്മാനിക്കാനായതിന്‍റെ സന്തോഷത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്കാഗാന്ധിയെ ഒരു നോക്കു കാണാനായി ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ സുരക്ഷാ വലയം ഭേദിച്ച് ഓടിയെത്തുകയായിരുന്നു കുട്ടിചിത്രകാരന്‍. ഇതോടെ അരീക്കോട് ജ്യോതിധാര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഫിഥിന്‍ എന്ന പതിനൊന്നുകാരനായ ഈ കൊച്ചുമിടുക്കന്‍ നാട്ടുകാര്‍ക്കിടയില്‍ താരവുമായി.

യൂട്യൂബ് നോക്കി സ്റ്റെന്‍സില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിച്ച ഫിഥിന്‍, താന്‍ വരച്ച പ്രിയങ്ക ഗാന്ധിയുടെ ചിത്രം സമ്മാനിക്കാനായി മണിക്കൂറുകളോളമാണ് കാത്തിരുന്നത്. എസ്പിജിയുടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷവും കാത്തിരിപ്പ് തുടര്‍ന്നു. പ്രിയങ്ക എത്തിയതോടെ പ്രതീക്ഷയോടെ വീണ്ടും കാത്തിരിപ്പ്… പ്രസംഗത്തിന് ശേഷം ആളുകളെ അഭിവാദ്യം ചെയ്ത് പ്രിയങ്ക എത്തിയപ്പോള്‍ ചിത്രം ഉയര്‍ത്തിക്കാട്ടി എങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിഥിനെ തടഞ്ഞു. പക്ഷേ തോറ്റു പിന്മാറാന്‍ ഫിഥിന് മനസ്സുണ്ടായില്ല. മെല്ലെ കാറിന് മുന്നിലേക്ക് നീങ്ങിത്തന്നെ നിന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട പ്രിയങ്ക കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഫിഥിനെ അടുത്തേയ്ക്ക് വിളിച്ച് ചിത്രം ഏറ്റുവാങ്ങിയ പ്രിയങ്ക ചിത്രകാരന് കൈകൊടുത്ത് അഭിനന്ദനവും അറിയിച്ചു.

ഇനിയും ഒരു മോഹം കൂടി ബാക്കിയുണ്ട് ഫിഥിന്… രാഹുല്‍ഗാന്ധിക്കും സമ്മാനിക്കണം ഇതുപോലെ അദ്ദേഹത്തിന്‍റെയും ഒരു ചിത്രം… ആ ആഗ്രഹവും സഫലമാകുമെന്ന് തന്നെയാണ് ഫിഥിന്‍റെ പ്രതീക്ഷ..