13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിയുടെ വസതി നിര്‍മ്മാണം : കടുത്ത വിമർശനവുമായി പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Tuesday, May 4, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അവശ്യ സര്‍വീസായി പരിഗണിച്ച് പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള കേന്ദ്രത്തിന്‍റെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്.

ഓക്‌സിജനും വാക്‌സിനും ആശുപത്രി കിടക്കകളും മരുന്നുകളും ലഭിക്കാതെ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടതിന് പകരം 13000 കോടി ചിലവാക്കി പ്രധാനമന്ത്രിയുടെ വസതി നിര്‍മ്മിക്കുകയാണോ വേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന് കടുത്ത ക്ഷാമം ഉള്ളതായുള്ള വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

ഓക്‌സിജന്‍, വാക്‌സിനുകള്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍, അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടിതിന് പകരം 13000 കോടി ചിലവഴിച്ച് പ്രധാനമന്ത്രിയ്ക്ക് വസതി നിര്‍മ്മിക്കുകയാണ്. സര്‍ക്കാര്‍ എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്’, പ്രിയങ്ക പറഞ്ഞു.

2022 ഡിസംബറില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പണി പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.