തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യ പങ്കാളിത്തത്തിന് അനുമതി

Jaihind Webdesk
Saturday, December 22, 2018

Trivandrum-Airport

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ മേഖലയെ കൂടി പങ്ക് കൊളളിക്കുന്നതിനുളള കേന്ദ്ര തീരുമാനമായി. കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഇത് വ്യക്തമാക്കുന്ന മറുപടി ലോക്സഭയില്‍ നല്‍കി. നീതി ആയോഗ് സി.ഇ.ഒയുടെ നേതൃത്വത്തില്‍‌ മേല്‍നോട്ട സമിതിയേയും രൂപീകരിച്ചിട്ടുണ്ട്.

ജീവനക്കാരുടെ പ്രശ്ന പരിഹാരത്തിനും പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആറോളം വിമാനത്താവളങ്ങളെ സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടത്തിപ്പ് ഉത്തരവാദിത്വം ഏര്‍പ്പാടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപികരിക്കുന്ന ദൗത്യ കമ്പനിയെ നടത്തിപ്പ് അവകാശം ഏല്‍പിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവള നടത്തിപ്പ് അവകാശം നേരിട്ട് ഏല്‍പിക്കുകയോ അല്ലെങ്കില്‍ ഇതിനായുളള ടെണ്ടറില്‍ ആദ്യ പരിഗണന നല്‍കണം എന്നതുമാണ് കേരളത്തിന്‍റെ അഭ്യര്‍ഥന. കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നടത്തിപ്പാണ് യോഗ്യതയായി കേരളം ഉയര്‍ത്തിക്കാണിക്കുന്നത്.