തിരുവനന്തപുരം: മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മറ്റു മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കിയിട്ടും അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തുവരാതെ മന്ത്രിമാരും സിപിഎം മുതിര്‍ന്ന നേതാക്കളും. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെപ്പോലുള്ളവര്ക്ക് തന്നെ ഈ ദൗത്യം ഏറ്റെടുത്ത് രംഗത്ത് ഇറങ്ങേണ്ട അവസ്ഥയാണ്.
പ്രതിഛായയെ കരുതി അഭിപ്രായം പറയാന്‍ മടിക്കരുതെന്നും സ്വന്തം വകുപ്പിനെ കുറിച്ച് മാത്രമല്ല, സര്‍ക്കാരിനെതിരായ ആക്രമണങ്ങളിലും മന്ത്രിമാര്‍ അഭിപ്രായം പറയണമെന്നുമായിരുന്നു റിയാസിന്റെ പ്രസ്താവന. ഈ പ്രസ്താവനയുടെ സ്വരം ധാര്ഷ്ട്യത്തിന്റേതാണെന്ന വിലയിരുത്തലിലാണ് മന്ത്രിമാരില്‍ പലരും. എം.ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
ഒരു വിഭാഗം അവഗണിക്കുകയും ബാക്കിയുള്ളവര്‍ മൗനം പാലിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി ഒറ്റപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ വിലാസം അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ചുമതലയായി. എ.ഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി സമീപകാലത്ത് പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളില്‍ ന്യായീകരണ ക്യാപ്സൂളുകളുമായി രംഗത്തു വന്നിരിക്കുകയാണ് കെ.കെ.രാഗേഷ്.
നിരവധി വിഷയങ്ങളില്‍ ആപത്ബാന്ധവനായെത്തിയ മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ക്കാനുള്ള അവസരമായി രാഗേഷ് ഇതിനെ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ തെളിവുകള്‍ അക്കമിട്ട് നിരത്തിയുള്ള പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഈ ക്യാപ്സ്യൂളുകള് കൊണ്ട് മാത്രം കഴിയുന്നുമില്ല. മുമ്പ് സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കാന്‍ വലിയ കൂട്ടായ്മ രംഗത്തുണ്ടായിരുന്നു. ഈ കൂട്ടായ്മ നഷ്ടമായി എന്നതിന് പുറമെ സര്‍ക്കാരിലെയും മുന്നണിയിലെയും അസ്വാരസ്യങ്ങള്‍ കൂടി മറ നീക്കുന്നതാണ് മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും തുടരുന്ന ഈ മൗനം.