പുതിയ ആദായനികുതി ബില്ലിലെ ശുപാര്‍ശകള്‍ വിവാദമാകുന്നു. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കളാണ് ഉയരുന്നത്. വ്യക്തിഗത ഇമെയിലുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തുടങ്ങിയ പരിശോധിക്കാന്‍ അനുവദിക്കുന്ന വിപുലമായ അധികാരങ്ങള്‍ നികുതി അധികാരികള്‍ക്ക് നല്കുന്ന വ്യവസ്ഥകളാണ് വിവാദത്തിലായിരിക്കുന്നത്. ഭരണകക്ഷിയുടെ രാഷ്ട്രീയമാണ് ഇതില്‍ പ്രതിഫലിക്കുന്നെന്നും വിമര്‍ശനം ഉയരുന്നു.
ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ പുതുക്കിയ ആദായനികുതി ബില്‍, 2025 നിലവില്‍ സെലക്ട് കമ്മിറ്റിയ്്ക്ക് വിട്ടിരിക്കുകയാണ്. ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായ നികുതി ചട്ടക്കൂടിന്റെ ഒരു അഴിച്ചുപണി എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അത് നിയമമാകുമ്പോള്‍ വിപുലമാകുന്ന ഒരു ഭേദഗതിയിലാണ് പ്രധാന ആശങ്ക.
നിലവിലെ നികുതി നിയമത്തില്‍ ഡിജിറ്റല്‍ രേഖകള്‍ വ്യക്തമായി പരാമര്‍ശിക്കാത്തതിനാല്‍, അവ പരിശോധിക്കാനുള്ള ആവശ്യങ്ങള്‍ പലപ്പോഴും നിയമപരമായ തടസ്സങ്ങള്‍ നേരിടുന്നു. എന്നാല്‍ നികുതി അധികാരികള്‍ക്ക് ഡിജിറ്റല്‍ ആസ്തികളിലേക്ക് ആക്സസ് ആവശ്യപ്പെടാം, ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡ്രൈവുകള്‍, ഇമെയിലുകള്‍ എന്നിവ പരിശോധിക്കാന്‍ ആവശ്യപ്പെടാം, എന്നാല്‍ വ്യക്തി വിസമ്മതിച്ചാല്‍, അവരുടെ പാസ്വേഡുകള് മറികടക്കാനും ഫയലുകള്‍ അണ്‍ലോക്ക് ചെയ്യാനും കഴിയും.
പുതിയ ആദായ നികുതി ബില്ലിലെ 247-ാം വകുപ്പ് അനുസരിച്ച്, ആരുടെയെങ്കിലും നികുതി വെട്ടിപ്പ് അല്ലെങ്കില്‍ വെളിപ്പെടുത്താത്ത ആസ്തികള്‍ എന്നിവ സംശയിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ നിയുക്ത ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ, ബാങ്ക് വിശദാംശങ്ങള്‍, നിക്ഷേപ അക്കൗണ്ടുകള്‍ എന്നിവ പരിശോധിക്കാം. ചില സന്ദര്‍ഭങ്ങളില്‍ പ്രസ്തുത വകുപ്പ് നല്കുന്ന അധികാരങ്ങള്‍ അനുസരിച്ച് വാതില്‍, പെട്ടി, ലോക്കര്‍, സേഫ്, അലമാര, അല്ലെങ്കില്‍ മറ്റുള്ളവയുടെ പൂട്ട് തുറന്നുപരിശോധിക്കാം. കെട്ടിടം, സ്ഥലം മുതലായവയില്‍ പ്രവേശിച്ച് തിരയുക, അല്ലെങ്കില്‍ ആക്സസ് കോഡ് ലഭ്യമല്ലാത്ത ഏതെങ്കിലും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്കോ വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിലേക്കോ കോഡ് അസാധുവാക്കിക്കൊണ്ട് ആക്സസ് നേടുക തുടങ്ങിയ അധികാരങ്ങളും ബില്‍ നിര്‍ദ്ദേശിക്കുന്നു.
ചുരുക്കത്തില്‍ നികുതിദായകരുടെ ”വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിലുള്ള എന്തിനും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്ര നിയന്ത്രണം നല്‍കുന്നതാണ് ബില്‍ . ഇത് സ്വകാര്യതയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. ഈ പുതിയ അധികാരങ്ങള്‍ വ്യക്തിഗത ഡാറ്റയുടെ ഉപദ്രവത്തിനും അനാവശ്യ പരിശോധനയ്ക്കും ഇടയാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു. ഇതില്‍ വ്യക്തത ഉണ്ടാവണം. ഇത്ര വിപുലമായ അധികാരങ്ങള്‍ നികുതിദായകരെ ഉപദ്രവിക്കുന്നതിനോ വ്യക്തിഗത ഡാറ്റയുടെ അനാവശ്യ പരിശോധനയ്ക്കോ ഇടയാക്കും. നിലവില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് പ്രവേശനം ആവശ്യപ്പെട്ടിരുന്നെങ്കിലും അതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതിയിലൂടെ നികുതിദായകര്‍ ആക്സസ് കൈമാറാന്‍ നിയമപരമായി ബാധ്യസ്ഥരാവുന്നു എന്നതാണ് മാറ്റം