സംസ്ഥാനത്ത് ഇന്ന് സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, 22ആം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അതേസമയം, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.