ജോര്‍ദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും തിരിച്ചെത്തി; ഫോര്‍ട്ട് കൊച്ചിയിൽ ക്വാറന്‍റീൻ സൗകര്യം

ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് പോയി ജോർദാനിലെ ലോക്ഡൗണിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടങ്ങുന്ന സിനിമ സംഘം കൊച്ചിയിൽ തിരിച്ചെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് സംഘവും കൊച്ചിയിലെത്തിയത്. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ക്വാറന്‍റീൻ പാലിക്കുമെന്നും ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.

പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലേക്കു പോകും. ബ്ലസി തിരുവല്ലയിലെ വീട്ടിലും ക്വാറന്‍റീനിൽ കഴിയുകയെന്നാണ് വിവരം.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 അംഗ സംഘം അവിടെ കുടുങ്ങുകയായിരുന്നു. ജോര്‍ജാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു.

Comments (0)
Add Comment