അട്ടക്കുളങ്ങരയിൽ വനിതാ ജയിൽ ചാടിയ യുവതികൾ പിടിയിൽ

Jaihind Webdesk
Friday, June 28, 2019

അട്ടക്കുളങ്ങരയിൽ വനിതാ ജയിൽ ചാടിയ യുവതികൾ പിടിയിൽ. ശിൽപ്പ, സന്ധ്യ എന്നിവരാണ് പിടിയിലായത്. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ജയിൽ ചാടിയത്. കേസ് അന്വേഷിക്കുന്ന ഫോർട്ട് പൊലീസിൻറെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. ഇരുവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും രക്ഷപ്പെട്ട ശിൽപ്പ, സന്ധ്യ എന്നിവരുടെ ചിത്രം വച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായും ഒളിവിൽ പോയതായും പൊലീസ് സംശയിച്ചിരുന്നു.

പാങ്ങോട് സ്വദേശിയായ ശിൽപയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വർക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇരുവരുടേയും. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് സംശയം.