കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാർ ഏറ്റുമുട്ടി; ഒരാള്‍ ആശുപത്രിയില്‍

Jaihind Webdesk
Tuesday, January 2, 2024

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഉച്ചയ്ക്ക് ശേഷമാണ് തടവുകാർ തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മോഷണക്കേസ് പ്രതി നൗഫലിന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് നൗഫലിൻ്റെ പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. നൗഫലിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. മുമ്പും കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. 2023 ഓഗസ്റ്റ് 23-ന് പത്താം ബ്ലോക്കിൽ ആയിരുന്നു അന്ന് ഏറ്റുമുട്ടല്‍ നടന്നത്.