
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നടക്കം ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ വഴിയാണ് ഈ പണമിടപാടുകൾ നടന്നത്. പരോൾ അനുവദിക്കാനും നീട്ടിക്കൊടുക്കാനും, ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കാനുമാണ് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഇയാൾ പണം പിരിച്ചത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഡിഐജി നേരിട്ട് പണം കൈപ്പറ്റിയതിന്റെ വ്യക്തമായ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
ഭരണ നേതൃത്വവുമായുള്ള വഴിവിട്ട സ്വാധീനം ഉപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ജീവനക്കാരെയും വിരട്ടിയാണ് വിനോദ് കുമാർ കാര്യങ്ങൾ നടത്തിയിരുന്നത്. വിയ്യൂർ ജയിലിലെ തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഒരു മുൻ ജയിൽ ഉദ്യോഗസ്ഥനെ ഇയാൾ ഏജന്റായി നിയമിച്ചിരുന്നു. തടവുകാരിൽ നിന്ന് മാത്രമല്ല, ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പോലും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിൽ സൂപ്രണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതായും വിജിലൻസ് സ്ഥിരീകരിച്ചു.
അഴിമതിയുടെയും അച്ചടക്കലംഘനത്തിന്റെയും നീണ്ട ചരിത്രമാണ് വിനോദ് കുമാറിനുള്ളത്. കണ്ണൂർ ജയിൽ സൂപ്രണ്ടായിരിക്കെ ജോലിക്ക് ഹാജരാകാത്തതിന് സസ്പെൻഷൻ ലഭിച്ചിരുന്നു. പിന്നീട് ടി.പി കേസിലെ പ്രതികൾക്ക് വിയ്യൂരിൽ സൗകര്യങ്ങൾ ഒരുക്കിയതിനും സസ്പെൻഷൻ നേരിട്ടു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എല്ലാ അന്വേഷണങ്ങളും ഒതുക്കിത്തീർത്ത് ഇയാൾക്ക് ഡിഐജിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ വിജിലൻസ് വലയിലാകുന്നത്.
ഡിഐജി വിനോദ് കുമാറിന്റെ വഴിവിട്ട നീക്കങ്ങൾ മാസങ്ങളായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഡിഐജിക്കെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാൻ മുൻ ജയിൽ മേധാവിമാർ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നതിനാൽ ഇത് നടന്നില്ല. നിലവിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെ, വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.