പ്രധാന മന്ത്രിയുടെ മുംബൈ സന്ദര്‍ശനം; വെള്ളത്തുണിയാല്‍ ചേരിപ്രദേശങ്ങള്‍ മറച്ചു; ദൃശ്യങ്ങള്‍ വൈറല്‍

Jaihind Webdesk
Friday, February 10, 2023

മുബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ മുബൈ ചേരിപ്രദേശങ്ങള്‍ മറച്ചതായി ആരോപണം. ദാരിദ്യം ചക്രവര്‍ത്തി കാണാതിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പ്രധാന ആരോപണം. വെള്ളത്തുണി ഉപയോഗിച്ച് ചേരികൾ മറച്ചതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. വെള്ളത്തുണികൊണ്ട് റോഡുകളുടെ വശങ്ങള്‍ മറച്ച ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രധാന മന്ത്രി  നഗരം സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചേരികൾ വെള്ള തുണികൊണ്ട് മൂടി മനോഹരമാക്കിയ  നഗരം കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഹൃദ്യമായ സ്വീകരണം നൽകുന്നതിനായി  ബിജെപി പതാകകളും പോസ്റ്ററുകളും ഈ വെള്ളത്തുണിയില്‍  അലങ്കരിച്ചതും വീഡിയോയില്‍ കാണാം.

https://youtu.be/1vJ64Wp4XuA

മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മുബൈയിലെ ചേരികള്‍ മറച്ചത് വലിയ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. ഉച്ചകോടിയുടെ  യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോർഡുകളും പച്ചനെറ്റും കൊണ്ട് ചേരികൾ മറച്ചത് വിവാദമായപ്പോൾ അത് സൗന്ദര്യവത്കരണത്തിന്‍റെ  ഭാഗമാണെന്നായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്.

രണ്ട് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുവാനും റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെത്തിയത്.