പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ഇരുപതിനായിരത്തോളം പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്

Jaihind Webdesk
Tuesday, April 23, 2024

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ ഇരുപതിനായിരത്തോളം പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ വിവിധ സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിലും പരാതികള്‍ ഉയര്‍ന്നു.

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത് 20,000ത്തോളം പരാതികളാണ്. രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഔദ്യോഗികമായി നല്‍കിയ പരാതിക്കു പുറമെ വിവിധ സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചിരിന്നു.

ആയിരങ്ങള്‍ ഒപ്പുവച്ച പരാതികളായും ഒറ്റയ്ക്കും ഇ-മെയിലുകളായും മറ്റും കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ആപല്‍ക്കരമാണെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണിതെന്നും 2,200ലേറെ പേര്‍ ഒപ്പുവച്ച ഒരു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വോട്ട് പിടിക്കാനായി മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളാണു നടത്തിയിരിക്കുന്നതെന്നും ലോകത്തെ ജനാധിപത്യത്തിന്‍റെ മാതാവെന്ന ഇന്ത്യയുടെ സല്‍പ്പേരിനാണ് ഇതു കളങ്കം ചാര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.