പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Jaihind Webdesk
Thursday, April 25, 2024

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച 11 മണിക്കുള്ളില്‍ വിശദീകരണം നൽകണം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലാണ് കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്.

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു. ഇത് വന്‍ വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പരാതിയെത്തിയത്.

അതേസമയം നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതി പരിശോധിച്ച് വരികയാണെന്നായിരുന്നു കമ്മീഷന്‍ നല്‍കിയ വിശദീകരണം. പരാതി നല്‍കി നാലു ദിവസം പിന്നിടുമ്പോഴാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്.