ഇനി ആക്രമണത്തിന് തുനിഞ്ഞാല്‍ മഹാവിനാശം; ശത്രുവിനെ മണ്ണോട് ചേര്‍ക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Jaihind News Bureau
Tuesday, May 13, 2025

പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനി ആക്രമണത്തിന് തുനിഞ്ഞാല്‍ മഹാവിനാശമെന്നും മനുഷ്യത്വത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ ശത്രുവിനെ മണ്ണോട് ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മൂന്ന് തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞു. ഇനി ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും. ആണവ ഭീഷണി വച്ചുപൊറുപ്പിക്കില്ല. ഭീകരതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ഭീകരരെയും വേര്‍തിരിച്ച് കാണില്ലെ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു. ശതകോടി ഇന്ത്യക്കാരെ തലയുയര്‍ത്തി നിര്‍ത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സൈനിക ചരിത്രത്തില്‍ ഈ സേവനം സ്മരിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണില്‍ കയറി വേട്ടയാടി. അധര്‍മ്മത്തിതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്നും മോദി പറഞ്ഞു. സൈന്യത്തിന്റെ കരുത്ത് രാജ്യം മുഴുവന്‍ കണ്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ ലോകമാകെ മുഴങ്ങി. പാകിസ്ഥാനില്‍ മിസൈലുകള്‍ രാത്രിയെ പകലാക്കി മാറ്റി. ആണവായുധ ഭീഷണി ഇന്ത്യയ്ക്ക് മുന്നില്‍ വിലപ്പോവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും മനസ്സ് സൈനികര്‍ക്കൊപ്പമാണ്. നമ്മള്‍ നടത്തിയത് ഇതിഹാസ പോരാട്ടമാണ്. ആദംപൂര്‍ വ്യോമ സേന താവളം സന്ദര്‍ശിച്ചതിന് ശേഷം സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി.