മണിപ്പുർ കത്തുമ്പോള്‍ പ്രധാനമന്ത്രി നാണമില്ലാതെ തമാശ പറഞ്ഞു ചിരിക്കുന്നു; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, August 11, 2023

 

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി.  മണിപ്പുർ കത്തുമ്പോൾ പ്രധാനമന്ത്രി പാർലമെന്‍റിൽ  നാണമില്ലാതെ തമാശ പറഞ്ഞ് ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ മണിപ്പുരിനായി രണ്ടു മിനിറ്റു മാത്രമാണ് നീക്കിവച്ചതെന്നും രാഹുല്‍ വിമർശിച്ചു. ഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നിലപാട് കടുപ്പിച്ചത്.

‘‘ഇന്നലെ പ്രധാനമന്ത്രി രണ്ടു മണിക്കൂർ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പുർ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകൾ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാർലമെന്‍റിന്‍റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നു. ഇന്നലത്തെ വിഷയം കോൺഗ്രസോ ഞാനോ ആയിരുന്നില്ല. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു. മണിപ്പൂരിൽ ഞാൻ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പൂരിനെക്കുറിച്ച് പാർലമെന്‍റിൽ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്നു മനസിലാകുന്നില്ല. മണിപ്പൂരിലെ അക്രമം തടയാൻ പ്രധാനമന്ത്രിക്ക് കഴിയും. എന്നാല്‍ അദ്ദേഹം അതു ചെയ്യുന്നില്ല. അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യൻ സൈന്യത്തിൽ എനിക്കു പൂർണ്ണ വിശ്വാസമുണ്ട്. സൈന്യത്തിന് രണ്ടു ദിവസത്തിനുള്ളിൽ അവിടെ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ മോദി സർക്കാർ അതിനു തയാറാകുന്നില്ല.’’– രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്‍റെ പരാമർശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ ഭാരത മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പുർ ഇപ്പോൾ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്. മണിപ്പൂരിൽ ഇന്ത്യയെ ബിജെപി കൊലപ്പെടുത്തി. ഭാരത മാതാവിനെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാൻ താൻ ശ്രമിച്ചിരുന്നു. പാർലമെന്‍റ് രേഖകളിൽനിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.