ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുന്നു ; വിശ്വാസികള്‍ക്കൊപ്പം നിന്നത് യുഡിഎഫ് : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, March 30, 2021

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍  കേരള സര്‍ക്കാരിനെ പോലെ  തന്നെ കേന്ദ്ര സര്‍ക്കാരും തയാറായില്ല.   വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന്   പ്രസംഗിച്ചുപോയ   പ്രധാനമന്ത്രി ഡല്‍ഹിയില്‍  എത്തിയപ്പോള്‍ ചുവട് മാറ്റി. നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍  തയാറായില്ലെന്ന് മാത്രമല്ല  പാര്‍ലമെന്‍റില്‍   വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍.കെ  പ്രേമചന്ദ്രനെ അതിന് അനുവദിച്ചതുമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ കബളിപ്പിക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ സിപിഎമ്മിനെയും പിണറായിയെയും സംരക്ഷിക്കുന്നത്  പ്രധാനമന്ത്രിയും  കേന്ദ്ര സര്‍ക്കാരുമാണ്.  ഈ തെരഞ്ഞെടുപ്പില്‍  സിപിഎമ്മും ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത് ആര്‍എസ്എസ് നേതാവായിരുന്നു. ആ ഡീല്‍ മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രി  കേരളത്തിലെത്തി  മൈതാന പ്രസംഗം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കേരളത്തില്‍ സിപിഎമ്മിനെ   നിലനിര്‍ത്തുന്ന ശക്തി കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണ്. ലാവലിന്‍ കേസ് തുടര്‍ച്ചയായി സുപ്രീം  കോടതിയില്‍ മാറ്റിവെക്കപ്പെടുന്നതിന് പിന്നിലും പിണറായി – ബിജെപി   രഹസ്യബാന്ധവമാണ്. ഇതെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചുവെക്കുന്നതിനുളള ശ്രമമാണ് പ്രധാനമന്ത്രി തന്‍റെ   തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍  നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.