പ്രതിഷേധങ്ങൾക്കിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ; മമത-മോദി കൂടിക്കാഴ്ച വിമർശിച്ച് കോൺഗ്രസ്‌ രംഗത്ത്; ഇരട്ടത്താപ്പെന്ന് വിമർശനം

Jaihind News Bureau
Saturday, January 11, 2020

പ്രതിഷേധങ്ങൾക്കിടെ പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ്‌ രംഗത്ത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ എത്തിയിരിക്കുന്നത്. വിവിധ സംഘടനകൾ കൊൽക്കത്ത വിമാനത്താവളം വളഞ്ഞു പ്രതിഷേധിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. വലിയ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വിവിധ സംഘടനകളുടെ പ്രതിഷേധം വിമാനത്താവളത്തിന്‍റെ പരിസരത്ത് ഉണ്ടായി. പ്രതിഷേധങ്ങൾ കണക്കിലെടുത്തു ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി മമത ബാനർജി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം പൗരത്വ നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന മമത ബാനർജി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

കൊൽക്കത്ത പോർട്ട്‌ ട്രസ്റ്റിന്‍റെ 150-ആം വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാളിലെ പ്രധാന പരിപാടി. നാളെ പ്രധാനമന്ത്രി ബംഗാളിൽ നിന്നും മടങ്ങും.