പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജനവിരുദ്ധതയ്ക്ക് മത്സരിക്കുന്നു; ആദിവാസി സമൂഹത്തെ ചൂഷണത്തിന്‍റെ വേദിയാക്കി മാറ്റി: കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, December 5, 2021

 

തിരുവനന്തപുരം : ആദിവാസി സമൂഹത്തെ ചൂഷണത്തിന്‍റെ വേദിയാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറ്റുകയാണെന്ന്
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജനജാഗ്രതാ ക്യാമ്പെയ്ന്‍റെ ഭാഗമായി ഭരതന്നൂരിൽ സംഘടിപ്പിച്ച ആദിവാസി-ദളിത് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി-ദളിത് സംഗമത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന ജനജാഗ്രതാ ക്യാമ്പെയ്ൻ പദയാത്രയ്ക്ക് തലസ്ഥാനത്ത് സമാപനമായത്.

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ കെസിവേണുഗോപാല്‍ എംപി നയിച്ച ജനജാഗ്രതാ ക്യാമ്പെയ്ൻ പദയാത്രയുടെ ഭാഗമായാണ് ഭരതനൂരിൽ ദളിത്-ആദിവാസി സംഗമം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശത്തെ 200ല്‍പരം ഗിരിവര്‍ഗ സെറ്റില്‍മെന്‍റുകളില്‍ നിന്നുള്ള 350 ഓളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
തുടർന്ന് ആദിവാസി ദളിത് സമൂഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുടെ ആശങ്കകൾ പങ്കുവെച്ചു. സംഗമം കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ജനവിരുദ്ധതയ്ക്ക് മത്സരിക്കുകയാണെന്നും ജനങ്ങളെ നശിപ്പിച്ചിട്ടല്ല വികസനം നടത്തേണ്ടതെന്നും കെസി വേണുഗോപാൽ എംപി പറഞ്ഞു.

പാർലമെന്‍റ് സമ്മേളനത്തിന് ശേഷം ഓരോ ഊരിലും നേരിട്ടെത്തി പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുമെന്ന് അടൂർ പ്രകാശ് എംപി ആദിവാസി-ദളിത് സംഗമത്തിൽ ഉറപ്പ് നൽകി. ആദിവാസി ദളിത് സംഗമ വേദിയിൽ നാടൻ പാട്ട് കൂടിയായപ്പോൾ ആവേശം അലതല്ലി. ആദിവാസി-ദളിത് ജനതയുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമരങ്ങൾ സംഘടിപ്പിച്ച് മുന്നോട്ടുപോകാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ആദിവാസി-ദളിത് സംഗത്തോട് കൂടി തലസ്ഥാനത്ത് രണ്ടു ദിവസം നീണ്ടുനിന്ന
ജനജാഗ്രതാ ക്യാമ്പെയ്ന് സമാപനമായി.