തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് : മുഖ്യ പ്രതി കൊച്ചിയില്‍ കീഴടങ്ങി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വക്കേറ്റ് ബിജു മോഹൻ കീഴടങ്ങി. കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിയാണ് ബിജു മോഹൻ കീഴടങ്ങിയത്. ഇയാളെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

രാവിലെ 10 മണിയോടെ ഡി.ആർ.ഐയുടെ കൊച്ചിയിലെ ഓഫീസിൽ അഭിഭാഷകനൊപ്പം എത്തിയാണ് അഭിഭാഷകനായ ബിജു മോഹൻ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്നെ ബിജു മോഹൻ ഇന്ന് കീഴ‍ടങ്ങുമെന്ന് അറിയിച്ചിരുന്നു. കീഴടങ്ങിയ ബിജുമോഹനെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. സ്വർണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ബിജുവിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് റാക്കറ്റിലെ മുഖ്യ കണ്ണിയും കഴക്കൂട്ടം സ്വദേശിയുമായ ഇയാൾ നേരിട്ടും സ്വർണ്ണം കടത്തിയതായാണ് വിവരം.

കഴിഞ്ഞ 13 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡി.ആർ.ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. ചോദ്യം ചെയ്യലിൽ ഇവരെ പരിചയപ്പെടുത്തിയത് ബിജു മോഹൻ ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
സ്വർണ്ണം കടത്തിയിരുന്നത് പി.പി.എം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.

മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നൽകിയിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പങ്കുള്ളതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബിജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. ഇയാളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണ റാക്കറ്റുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന.

gold smuggling
Comments (0)
Add Comment