പാവറട്ടി കസ്റ്റഡി കൊല കേസിലെ മുഖ്യപ്രതി കേരളം വിട്ടെന്ന് സൂചന

Jaihind News Bureau
Wednesday, October 9, 2019

പാവറട്ടി കസ്റ്റഡി കൊല കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥൻ കേരളം വിട്ടെന്ന് സൂചന. അതിനിടെ രഞ്ജിത്തിനെ മർദിച്ചത് പാവറട്ടിയിലെ ഗോഡൗണിൽ വെച്ചാണെന്ന് പ്രതികൾ സമ്മതിച്ചു.

പാവറട്ടി കസ്റ്റഡി കൊല കേസിൽ എട്ട് ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തിട്ടുള്ളത് . ഇതിൽ മുഖ്യ പ്രതി എന്ന് സംശയിക്കുന്ന പ്രിവന്‍റീവ് ഓഫീസർ വി.എ ഉമ്മർ കേരളം വിട്ടതായാണ് വിവരം. മറ്റൊരു ഉദ്യോഗസ്ഥൻ എം.ഒ ബെന്നിയും ഒളിവിലാണ്. ഒടുവിൽ കസ്റ്റഡിയിൽ എടുത്ത സ്മി ബിൻ, മഹേഷ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. എക്സൈസ് വാഹനത്തിലെ ഡ്രൈവർ ശ്രീജിത്ത്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ, നിധിൻ എം മാധവൻ എന്നിവർ നേരത്തെ തന്നെ കീഴടങ്ങിയിരുന്നു.

അതിനിടെ കസ്റ്റഡിയിൽ എടുത്ത രഞ്ജിത്തിന് മർദനമേറ്റത് ഗോഡൗണിലാണെന്ന് സാധൂകരിക്കുന്നതാണ് പ്രതികളുടെ മൊഴി. ഗോഡൗണിൽ എത്തിയ സംഘം ഒരു മണിക്കൂറിന് ശേഷമാണ് മടങ്ങിയത്. പ്രതികൾ എല്ലാവരും ഇവിടെ എത്തിയിരുന്നെങ്കിലും മർദ്ദനത്തിൽ എത്ര പേർ നേരിട്ട് പങ്കെടുത്തെന്ന് ഇനിയും വ്യക്തമാകാനുണ്ട്. രണ്ട് ഉദ്യോഗസ്ഥരാണ് രഞ്ജിത്തിനെ കൂടുതൽ മർദ്ദിച്ചതെന്നാണ് ഇപ്പോഴുള്ള വിവരം. എക്സൈസ് സംഘത്തെ രഞ്ജിത്ത് പലതവണ കബളിപ്പിച്ചതാണ് പ്രകോപന കാരണമെന്നും സംശയിക്കുന്നു.